കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്ന് മാസമാക്കും. വിസയുടെ കാലാവധി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി ചൂണ്ടിക്കാട്ടി. നേരത്തെ ഒരു മാസമാക്കി കുറച്ചിരുന്ന കുടുംബ സന്ദർശന വിസയാണ് ഇപ്പോൾ 3 മാസമാക്കി ഉയർത്തിയത്. വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. മൂന്ന് മുതൽ അഞ്ച് വർഷം തടവോ, അല്ലെങ്കിൽ 10000 ദിനാർ വരെ പിഴയും ഈടാക്കും. നിയമ ലംഘനം കണ്ടെത്തിയാൽ വിദേശികളെ റസിഡൻസി കാലാവധി ഉണ്ടെങ്കിൽ പോലും നാട് കടത്തൽ നടപടിയെടുക്കുമെന്നും അൽ ആദാനി കൂട്ടിച്ചേർത്തു. ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയ ശേഷം നാല് മാസത്തിനകം പുതിയ വീസയില്‍ രാജ്യത്തേക് തിരിച്ചു വരാൻ സാധിക്കും. സ്‌പോണ്‍സറുടെയും തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.