ദുബൈയിൽ പ്രവാസി മക്കൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനത്തിന് വാർഷിക സ്കോളർഷിപ്പിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചു. പ്രവാസികളായ രക്ഷിതാക്കൾ അപേക്ഷ നൽകാനായി അതത് രാജ്യത്തെ എംബസിയെയോ, ഇന്ത്യൻ കോൺസുലേറ്റിനെയോ ബന്ധപ്പെടണമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ ചൂണ്ടിക്കാട്ടി. നവംബർ 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയാസ്പോറ ചിൽഡ്രൻ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക. വിദ്യാർത്ഥികളുടെ പ്രായം 17 നും 21 നും ഇടക്ക് ആയിരിക്കണം. പി.ഐ.ഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻ.ആർ.ഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരന്മാർ, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളർഷിപ് ലഭിക്കുക. പ്രതിവർഷം 4000 യു.എസ്. ഡോളർ അഥവാ 3,36,400 രൂപ വരെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി ലഭിക്കും. ഈവർഷം മുതൽ മെഡിക്കൽ പഠനത്തിനും പഠനസഹായമുണ്ടാകും. എം.ബി.ബി.എസ് രണ്ടാം വർഷം മുതൽ അഞ്ചാം വർഷം വരെയാകും സ്കോളർഷിപ് ലഭിക്കുക. വിദ്യാർഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക.