ഖത്തറിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരി മരുന്നുകൾ പിടികൂടി. ഖത്തർ കസ്റ്റംസ് അധികൃതരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻറെ പക്കൽ നിന്ന് ലഹരി മരുന്ന് പിടികൂടിയത്. ലഗേജിനുള്ളിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലിറിക്ക ഗുളികകൾ കണ്ടെത്തിയത്. 13,579 ഗുളികകളാണ് പിടിച്ചെടുത്തത്. ലഹരി ഗുളികകൾ പിടികൂടുന്നതിൻറെ ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ബാഗേജ് ബെൽറ്റിൽ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതും വീഡിയോയിൽ കാണാം. ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.