അബുദാബിയിൽ ജോലി ആവശ്യങ്ങൾക്കായി നൽകിയ സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും സിം കാർഡും. ജോലി അവസാനിപ്പിച്ചപ്പോൾ ഇവ തിരികെ നൽകിയില്ല. 4 വർഷം ഈ സിം ഉപയോഗിച്ച് ഫോൺ വിളികൾ നടത്തിയത് വഴി ആകെ 1.18 ലക്ഷം ദിർഹത്തിന്റെ ബാധ്യത സിം കാർഡ് ഉടമയ്ക്കു വന്നു. ബിൽ തുകയും ഫോണുമായി ബന്ധപ്പെട്ട് എന്തെങ്കിലും അധിക ചെലവുണ്ടായിട്ടുണ്ടെങ്കിൽ അതും വക്കീൽ ഫീസും പ്രതിയിൽ നിന്ന് ഈടാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരനുണ്ടായ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടുകളും പ്രത്യേകം പരിഗണിച്ച കോടതി പിഴ അടയ്ക്കുന്നതിനൊപ്പം കോടതി ചെലവുകൾ കൂടി പ്രതി നൽകണമെന്ന് ഉത്തരവിട്ടു. പ്രതി ഏത് രാജ്യക്കാരിയാണെന്ന് കോടതി വെളിപ്പെടുത്തിയിട്ടില്ല.