വിമാന സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബാണെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലർച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയൺ എയർ ഫ്‌ളൈറ്റ് SL211 പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എയർപോർട്ടിൽ എത്തിയിരുന്നത്. സുരക്ഷാ പരിശോധനയിൽ അസ്വസ്ഥനായതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗിൽ ബോംബാണെന്ന് പ്രശാന്ത് പറഞ്ഞതെന്നാണ് വിവരം.