വിദേശത്തുനിന്നും സൗദി അറേബ്യയിലേക്ക് ഉംറ വിസയിൽ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിരോധിത വസ്തുക്കളുണ്ടെങ്കിൽ പ്രസ്തുത വിവരം മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. അല്ലാത്തപക്ഷം ഇത് സൗദി വിമാനത്താവളത്തിൽ എത്തുന്ന ഉംറ യാത്രക്കാർക്ക് പ്രയാസമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അത്തരക്കാരെ പിടികൂടുവാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. പടക്കങ്ങൾ, വ്യാജ കറൻസികൾ, രജിസ്റ്റർ ചെയ്യാത്ത മരുന്ന്, മയക്കുമരുന്ന്, സ്വകാര്യത ലംഘിക്കുന്ന നിയമവിരുദ്ധമായ ഒളിഞ്ഞുനോട്ട ഉപകരണങ്ങൾ, സ്പീഡ് റഡാർ ഡിറ്റക്ടറുകൾ, ഇലക്ട്രിക് ഷോക്കറുകൾ, ദോഷകരമായ ലേസർ പേനകൾ, സ്വകാര്യത ലംഘിക്കുന്ന രഹസ്യ ക്യാമറകൾ എന്നിങ്ങനെയുള്ളവ സൗദിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർ ഒഴിവാക്കണമെന്നു സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ പരമാവധി ലഗേജുകളുടെ ഭാരവും വലുപ്പവും കുറക്കണ എന്നും നിർദേശമുണ്ട്.