യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽ നിന്ന് പത്ത് വർഷമാക്കി വർധിപ്പിച്ച് എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി. ജൂലൈ എട്ട് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. ജൂലൈ എട്ട് മുതൽ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാർക്ക് പുതിയ സേവനം ലഭ്യമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. 2024 മാർച്ചിൽ യു.എ.ഇ കാബിനറ്റ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. അഞ്ച് വർഷം കൂടുമ്പോൾ പാസ്പോർട്ട് പുതുക്കുന്നതിലൂടെ ഉണ്ടാകുന്ന പൗരന്മാരുടെ സമയനഷ്ടം കുറക്കുന്നതിനാണ് കാലാവധി വർധിപ്പിച്ചുകൊണ്ടുള്ള നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ കാലാവധിയുള്ള പാസ്പോർട്ട് പുതുക്കുന്ന സമയത്ത് അവർക്ക് 10 വർഷം കാലാവധിയുള്ള പാസ്പോർട്ട് അനുവദിക്കും. യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും ഈ കാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.