റിയാദിൽ ഭക്ഷ്യ ഉൽപന്നത്തിന്റെ കാലാവധി തിരുത്തിയ സ്ഥാപനത്തിന് 10 ലക്ഷം റിയാൽ പിഴ. റിയാദ് നഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തിനെതിരെയാണ് നടപടി. ഭക്ഷ്യോൽപന്നത്തിന്റെ കാലഹരണ തീയതിയാണ് തിരുത്തിയത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. കാലാവധി തിരുത്തിയ ഏകദേശം 1.4 ടൺ ഭക്ഷ്യോൽപ്പന്നങ്ങളാണ് പിടികൂടിയത്. വ്യാപാരസ്ഥാപനത്തിന്റെ ചെലവിൽ തന്നെ അവ നശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു. പൂപ്പലും മാലിന്യങ്ങളും ഉള്ള ഭക്ഷണം കൈകാര്യം ചെയ്യുക, ഉൽപ്പന്നങ്ങളിൽ ഈർപ്പം പരിധി കവിയുക, ഭക്ഷ്യ ഗുണമേന്മ വ്യവസ്ഥകൾ ലംഘിച്ചിട്ടും ഭക്ഷ്യവസ്തുക്കൾ ഉടൻ പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇത്തരം പ്രവർത്തനങ്ങൾ ഭക്ഷ്യനിയമത്തിലെ ആർട്ടിക്കിൾ 16-ന്റെ ലംഘനമാണെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സൂചിപ്പിച്ചു.