ദുബൈയിൽ തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.ഒരു മാസം മുന്‍പെങ്കിലും തൊഴില്‍ മാറ്റ വിവരങ്ങള്‍ നല്‍കിയിരിക്കണം.യുഎഇയില്‍ തൊഴിലാളികളുടെ പ്രബേഷന്‍ 6 മാസത്തില്‍ കൂടരുതെന്നാണ് നിയമം. ഒരു സപോണ്‍സര്‍ക്ക് കീഴില്‍ ഒരു തവണ മാത്രമാണ് തൊഴില്‍ പരിശീലന കാലം അനുവദിക്കുക. പുതിയ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ച ദിവസം മുതല്‍ പ്രബേഷന്‍ പീരീഡ് കണക്കാക്കും.തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ സേവനം ബോധ്യപ്പെടുന്ന ഈ കാലം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പ്രബേഷനും സേവന കാലമായി കണക്കാക്കും. പ്രബേഷന്‍ കാലയളവില്‍ ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കില്‍ തൊഴിലുടമയ്ക്ക് ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സാധിക്കും. എന്നാല്‍, വീസ റദ്ദാക്കുന്നതിന്റെ 14 ദിവസം മുന്‍പ് ജീവനക്കാരനെ രേഖാമൂലം ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കണമെന്നു മന്ത്രാലയം വ്യക്തമാക്കി.