കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന 2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്കി. സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താവുന്നവരാണ് ഇവരില്‍ 1900 പേര്. 500 അധ്യാപകര്‍ ഇതിനോടകം തന്നെ രാജി സമർപ്പിച്ചവരാണെന്നും ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ സേവനം അവസാനിപ്പിക്കേണ്ട പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിനും സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്ക്കാതെ രാജ്യം വിടാനാവുന്ന രീതിയിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. അതേസമയം സേവനം അവസാനിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും താമസ രേഖകള്‍ റദ്ദാക്കി രാജ്യം വിടാനും മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്.