കുവൈത്ത് സിറ്റി: കുവൈത്തിൽ വിസാനിയമം ലംഘിച്ചതിന് 38 പ്രവാസികളെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റ് വിസകളില്‍ പോലും കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് വിലക്കേർപ്പെടുത്തും.