വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികള്‍ മരുന്നിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ അവാദി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കുന്നതും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയുന്നതിനുമാണ് പുതിയ തീരുമാനം. തീരുമാനം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു.
പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാര്‍, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാര്‍ എന്നിങ്ങനെയാണ് അധിക മരുന്നു നിരക്കുകള്‍. മുമ്പ് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലും രണ്ടു ദിനാറാണ് പരിശോധന ഫീസ്. മരുന്നുകള്‍ സൗജന്യമായിരുന്നു. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനയ്ക്ക് 10 ദിനാറാണ്. പുതിയ തീരുമാനത്തോടെ രണ്ടു ദിനാര്‍ പരിശോധനാ ഫീസായി നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.