ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അനുമതി ഇല്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിൽ പോലും പിരിവ് നടത്തുന്നത് ഫെഡറൽ നിയമം അനുസരിച്ച് 3 ലക്ഷം ദിർഹം (60 ലക്ഷത്തിലേറെ രൂപ) പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഭിക്ഷയെടുക്കുന്നവർക്ക് 3 മാസം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ നടപ്പാക്കും.
യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് നടത്താൻ അനുമതിയുള്ളു. എന്നാൽ ഈ സംഘടനകളും ഓരോ ആവശ്യങ്ങൾക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി എടുത്തിരിക്കണം.
സഹായം ആവശ്യമുള്ളവർ വിവരങ്ങൾ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജൻസിയെ അറിയിക്കണം. സ്വന്തമായോ മറ്റേതെങ്കിലും സംഘടനകൾ വഴിയോ വിവരങ്ങൾ കൈമാറാവുന്നതാണ്. ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി/കോൺസുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യൻ സംഘടനകൾ മുഖേനയോ സഹായം തേടാവുന്നതാണ്.