ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. 30,000 രൂപയാണ് സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് റിക്രൂട്ടിങ് ഏജന്‍സിക്ക് പരമാവധി ഈടാക്കാവുന്ന തുക. ഇതിൽ കൂടുതലായി ചുമത്തുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടനിലക്കാരെ ഒഴിവാക്കി ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ട് നിയമനം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളിളെ നിയമിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.