ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ റാപിഡ് പി.സി.ആർ പരിശോധനക്ക് വേണ്ടി 6 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് വരാൻ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ ഫലത്തിന് പുറമേ, നാല് മണിക്കൂറിനുള്ളിലെ റാപ്പിഡ് പി.സി.ആർ പരിശോധനാഫലവും നിർബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് പരിശോധന ആരംഭിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
റാസൽഖൈമയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റയിനുണ്ടാകും. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. അബൂദബിയിൽ വിമാനമിറങ്ങുന്നവർക്ക് 12 മണിക്കൂർ ക്വാറന്റയിനുണ്ടാകും. അബൂദബിയിൽ എത്തുന്നവർ ആറാം ദിവസവും പതിനൊന്നാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാകണം.
റാസൽഖൈമ, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്ക് കൈയിൽ ട്രാക്കിങ് വാച്ച് ഘടിപ്പിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഷാർജയിലും ദുബൈയിലും വിമാനമിറങ്ങുന്നവർക്ക് 24 മണിക്കൂർ വിമാനത്താവളത്തിലെ പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെയാണ് ക്വാറന്റൈനുള്ളത്.