ഗാർഹിക തൊഴിലാളികൾ, തടവുകാർ, ഉൾപ്പെടെയുള്ള പതിനൊന്ന് വിഭാഗം വിദേശികൾക്ക് സൗദിയിൽ സ്വദേശികൾക്ക് തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂണിഫൈഡ് നാഷണൽ പ്ലേറ്റ്ഫോം അറിയിച്ചു.
ഗാർഹിക ജീവനക്കാർ, തടവുകാർ, സാമൂഹിക അഭയകേന്ദ്രങ്ങളിലെ വയോജനങ്ങൾ, സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർ, സൗദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർ, അവർക്കുണ്ടാകുന്ന മക്കൾ, സർക്കാർ ചിലവിൽ ചികിത്സാ സേവനം വ്യവസ്ഥ ചെയ്യുന്നതിന് തൊഴിൽ കരാറിൽ ഏർപ്പെട്ടവർ, ഹജ്ജ്-ഉംറ തീർത്ഥാടനത്തിനെത്തി അസുഖ ബാധിതരായവർ, നിയമാനുസൃത താമസ രേഖയുള്ള ക്ഷയരോഗികൾ, രാജ്യത്തിന്റെ ദക്ഷിണ-പശ്ചിമ ഭാഗങ്ങളിൽ കഴിയുന്ന യമൻ ഗോത്രക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് പ്രത്യേക വിഭാഗങ്ങൾ. ഇവർക്ക് സർക്കാർ ആശുപത്രികളിൽ നേരിട്ട് ചെന്ന് ചകിത്സാ സേവനങ്ങൾ തേടാൻ സാധിക്കും.
ഇതിനുപുറമെ വാഹനാപകടങ്ങളിൽ പരിക്കേറ്റവർ, അഗ്നിബാധയിൽ പൊള്ളലേറ്റവർ, ശ്വാസതടസം നേരിട്ട് ജീവൻ അപകടത്തിലായവർ എന്നിവർക്ക് സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗം വഴി ചികിത്സ ലഭ്യമാക്കാനും അനുവാദമുണ്ട്.