യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ലുലു റീട്ടെയ്ൽ ഗ്രൂപ്പ്. യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് ലുലു പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പുതിയ ഔട്ട്ലറ്റുകൾ തുടങ്ങുന്നതോടെ യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.’ ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ പ്രോജക്ടുകളാണ് തുടങ്ങാനൊരുങ്ങുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നഗരങ്ങളിൽ നിന്ന്, യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്കും ജനസംഖ്യ ഉയരുന്നതിനാൽ ഈ പ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ജനസാന്ദ്രത കണക്കിലെടുത്ത് ഹൈപ്പർമാർക്കറ്റോ എക്സ്പ്രസ് സ്റ്റോറോ ആയിരിക്കും തുടങ്ങുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി വ്യക്തമാക്കി. യുഎഇയിലെ വർധിച്ചു വരുന്ന ജനസംഖ്യ കാരണം ലുലു ഗ്രൂപ്പിന് ഇവിടെ വളരാനുള്ള വലിയ അവസരങ്ങളാണ് ലഭിക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫീ രൂപാവാല കൂട്ടിച്ചേർത്തു.