ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വ്യക്തികൾക്ക് പിഴ ചുമത്തി കുവൈത്ത്. കർശനമായി നടപ്പാക്കുന്ന പുതിയ ചട്ടങ്ങൾ പ്രകാരം, ഈ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്ന് 150 കുവൈറ്റ് ദിനാർ പിഴ ഈടാക്കും. കൂടാതെ നിയമലംഘനം ജുഡീഷ്യറിക്ക് കൈമാറുകയാണെങ്കിൽ, ഒരു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ഉൾപ്പെടെയുള്ള ഗുരുതരമായ ശിക്ഷകൾ ചുമത്താൻ കോടതിക്ക് അധികാരമുണ്ട്. മൂന്ന് വർഷത്തിൽ കൂടാത്ത ജയിൽ ശിക്ഷയ്ക്ക് പുറമേ, 600 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴ ഈടാക്കാം. അല്ലെങ്കിൽ കോടതി ഈ പിഴകളിൽ ഏതെങ്കിലും ഒന്ന് ചുമത്താം. ഭിന്നശേഷിയുള്ള വ്യക്തികളോടുള്ള ആദരവ് ഉറപ്പുവരുത്തുന്നതിനും നിയുക്ത പാർക്കിംഗ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.









