സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു എന്ന് റിപ്പോർട്ട്. മരിച്ച 9 പേർ ഇന്ത്യക്കാരും 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച മിനി വാനാണ് അപകടത്തിൽപ്പെട്ടത്. മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്കർ സിംഗ് ദാമി, സക്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി തുടങ്ങിയവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ. 15 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗദി ഫയർ ഫോഴ്സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിൽ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിങ് ഫഹദ് ആശുപത്രി, ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി, ബൈഷ് ജനറൽ ആശുപത്രി തുടങ്ങിയയിടങ്ങളിലേക്ക് മാറ്റി. മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.