വിമാന യാത്രകാർക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് 7 കിലോയായി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ 10 കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും പ്രഖ്യാപിച്ചത്. പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാൻ സാധിക്കും. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന് 55 സെന്റിമീറ്റർ വരെ നീളവും 40 സെന്റിമീറ്റർ വരെ വീതിയുമാകാം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന് 25 സെന്റിമീറ്റർ ഉയരവും 33 സെന്റിമീറ്റർ നീളവുമാകാമെന്ന് കമ്പനി വ്യക്തമാക്കി. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഇത് ബാധകമാണ്. കൂടാതെ കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാനും അനുവദിച്ചിട്ടുണ്ട്.