കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർ ഏകദേശം 40,000 രൂപ കൂടുതൽ നൽകണം. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റിന് കോഴിക്കോട്ടുനിന്നു പോകുന്നവർ അധികമായി നൽകണം. കോഴിക്കോട്ടുനിന്ന് സ്വകാര്യ ഗ്രൂപ്പുകളിൽ വഴി പോകുന്നവരെക്കാൾ ഇരട്ടി തുകയാണ് ഹജ് കമ്മിറ്റി വഴി പോകുന്നവർ വിമാന ടിക്കറ്റിനു നൽകേണ്ടിവരിക. ഹജ് വിമാന സർവീസ് സംബന്ധിച്ച ടെൻഡർ നടപടി പൂർത്തിയായപ്പോഴാണ് ടിക്കറ്റ് നിരക്കിലെ ഈ വ്യത്യാസം പുറത്തുവന്നത്. 60,000 മുതൽ 75,000 രൂപയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു സ്വകാര്യ സംഘങ്ങൾ വഴിയുള്ള ഹജ് ടിക്കറ്റ് നിരക്ക്. കണക്‌ഷൻ വിമാനമാണെങ്കിലും നേരിട്ടുള്ള സർവീസ് ആണെങ്കിലും സൗദിയിലേക്കും തിരിച്ചുമുള്ള പരമാവധി 75,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്ന് 1.25 ലക്ഷം രൂപയാണ് ഹജ് കമ്മിറ്റി മുഖേന പോകുന്നവർക്കുള്ള യാത്രാനിരക്ക്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കോഴിക്കോട് നടന്ന ടെൻഡറിൽ പങ്കെടുത്തത്. കണ്ണൂരിൽ 87,000 രൂപയും കൊച്ചിയിൽ 86,000 രൂപയുമാണ് ഹജ് കമ്മിറ്റിക്കു കീഴിലെ ഹജ് ടിക്കറ്റ് നിരക്ക്. ഹജ് കമ്മിറ്റി ഏർപ്പെടുത്തുന്നത് ചാർട്ടേഡ് വിമാനമായതിനാൽ തന്നെ തീർഥാടകരെ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും പോകുമ്പോൾ രണ്ടുതവണ കാലിയായി പറക്കണം എന്നതാണ് നിരക്കുവർധനയ്ക്ക് പ്രധാന കാരണമായി വ്യക്തമാകുന്നത്.