ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ. ഇനി മുതൽ മെട്രോ രാവിലെ 5 മണിക്ക് സർവീസ് തുടങ്ങും. പുലർച്ചെ ഒരു മണിവരെ യാത്ര ചെയ്യാം. ശനിയാഴ്ച മുതൽ വ്യാഴം വരെയാണ് ഈ സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മണി മുതൽ സർവീസ് ആരംഭിക്കും. നിലവിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് സർവീസ് നടത്തുന്നത്. വെള്ളിയാഴ്ചകളിലും അർധരാത്രി ഒരു മണിവരെ സർവീസ് ഉണ്ടാകും. 99 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര അനുവദിക്കുന്ന പ്രതിമാസ മെട്രോ പാസിന്റെ കാലാവധിയും നീട്ടി. ഏപ്രിൽ വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പൊതുഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെട്രോ കൂടുതൽ സമയം സർവീസ് നടത്താൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.









