കുവൈത്ത് അമീർ പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമീർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തി. 1959 ലെ പഴയ നിയമത്തിൽ ഭേദഗതികൾ ഉൾപ്പെടുത്തുകയും പുതിയ വെല്ലുവിളികൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.