ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വിമാനം ഇറങ്ങി ലഗേജിനായി ഇനി കാത്തിരിക്കേണ്ട. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ ലഗേജുകള്‍ വീടുകളിലോ താമസിക്കുന്ന ഹോട്ടലിലോ നേരിട്ട് എത്തിച്ച് കൊടുക്കാനുള്ള സംവിധാനവുമൊരുക്കുമെന്ന് എയര്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ സിഇഒ വ്യക്തമാക്കി. തങ്ങളാല്‍ കഴിയുന്ന ഏറ്റവും മികച്ച യാത്രാനുഭവം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ, ക്യൂ ഇല്ലാത്ത, പേപ്പറിന് പകരം ബയോമെട്രിക്സ് ഉപയോഗപ്പെടുത്തിയുള്ള വളരെ എളുപ്പവും തടസ്സരഹിതവുമായ യാത്ര വിമാനത്താവളത്തില്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.