യുഎഇയില്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാന്‍ സഹായം തേടി സുഹൃത്തുക്കളും കുടുംബവും. തൃശൂര്‍ സ്വദേശി സര്‍ജിത് ആണ് യുഎഇയിലെ ആശുപത്രിയില്‍ കഴിയുന്നത്. മുന്‍പെടുത്ത വായ്പ്പാ കുടിശിക കേസായതോടെ വന്ന യാത്രാവിലക്കാണ് സര്‍ജിത്തിനെ നാട്ടിലെത്തിക്കാന്‍ തടസമാകുന്നത്. 7 ലക്ഷത്തോളം രൂപയാണ് കണ്ടെത്തേണ്ടത്.സര്‍ജിത്തിന് മൂന്നാഴ്ച്ച മുന്‍പാണ് സ്‌ട്രോക്ക് വന്നത്. ശരീരത്തിന്റെ ഒരു ഭാഗത്തെ സാരമായി ബാധിച്ചു. ശസ്ത്രക്രിയ ഉള്‍പ്പടെ പ്രധാന ചികിത്സയെല്ലാം യുഎഇയിലെ ആശുപത്രിയില്‍ നടന്നു. ഇനി വേണ്ടത് നാട്ടിലെത്തിച്ചുള്ള തുടര്‍ ചികിത്സയാണ്. പക്ഷേ സര്‍ജിത്ത് മുന്‍പെടുത്ത വായ്പ്പയാണ് പ്രശ്‌നം. 1 ലക്ഷത്തിലധികം ദിര്‍ഹം ആയി തുക. കേസായതിനാല്‍ യാത്രാവിലക്ക് നീങ്ങണമെങ്കില്‍ ഇതടച്ച് കേസ് തീര്‍ക്കണം. ബാങ്കുമായി സംസാരിച്ച് ഇത് ഒടുവില്‍ 30,000 ദിര്‍ഹത്തില്‍ ഒത്തുതീര്‍പ്പിന് ധാരണയായി. തൃശൂര്‍ എം.പിയുള്‍പ്പടെ നിരവധി പേരുടെ ഇടപെടല്‍ തേടിയിട്ടുണ്ട്. കോണ്‍സുലേറ്റും പരിശോധിക്കുന്നുണ്ട്. ഉടനെ ഇടപെടലുണ്ടായാല്‍ എത്രയും വേഗം നാട്ടിലേത്തിക്കാനും തുടര്‍ ചികിത്സ നല്‍കാനുമാണ് തീരുമാനം.