സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകൾ കണ്ടെത്തി ദുബായ് പോലീസ്. ഒരു യുവതി വാഹനമോടിക്കുമ്പോൾ രണ്ട് ഫോണുകൾ ഉപയോഗിക്കുന്നതായി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ് സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവച്ചു. സ്റ്റിയറിങ്ങിൽ കൈകളൊന്നും വയ്ക്കാതെയാണ് യുവതി ഡ്രൈവ് ചെയ്യുന്നത്. മറ്റൊരു ഡ്രൈവർ വാഹനമോടിക്കുമ്പോള്‍ എന്തോ വായിക്കുന്നു. ഇത് അവരുടെ ശ്രദ്ധ ഹൈവേയിൽ നിന്ന് അകറ്റുക മാത്രമല്ല, ട്രാഫിക്കിനെക്കുറിച്ചുള്ള കാഴ്ചയെ പൂർണമായും തടയുകയും ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി ദുബായ് പൊലീസ് സ്മാർട്ട് ട്രാഫിക് സാങ്കേതികവിദ്യകളിൽ സജീവമായി നിക്ഷേപം നടത്തുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി ചൂണ്ടിക്കാട്ടി.