ഖത്തറിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ഒക്ടോബർ 22ന് അവസാനിക്കുമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം 22നാണ് ഹജ്ജിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഹജ്ജിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പ്രായം 18 വയസ്സിൽ കുറയരുത്. പ്രവാസികൾക്കും ഇതര ജി.സി.സി പൗരന്മാർക്കും ഖത്തറിൽനിന്ന് ഹജ്ജിന് പോകാൻ അവസരമുണ്ട്. 45 വയസ്സ് പൂർത്തിയായിരിക്കണമെന്നും 15 വർഷമായി ഖത്തറിലെ പ്രവാസി ആയിരിക്കണമെന്നാണ് നിബന്ധന. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും hajj.gov.qa എന്ന വെബ്സൈറ്റ് വഴി ചൊവ്വാഴ്ച വരെ അപേക്ഷിക്കാം. അപേക്ഷകളുടെ ഇലക്ട്രോണിക് സോർട്ടിങ്ങും അംഗീകാരത്തിനുള്ള നടപടിക്രമങ്ങളും നവംബറിൽ ആരംഭിക്കും. ഖത്തറിൽനിന്ന് ഇത്തവണ 4400 പേർക്കാണ് ഹജ്ജിന് പോകാൻ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.