വായു ഗുണനിലവാര നിരീക്ഷണ ട്രക്ക് പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. നിർമിത ബുദ്ധി ഉൾപ്പടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ട്രക്കിലുണ്ട്. എമിറേറ്റിലെ മറ്റ് നിരീക്ഷണ സംവിധാനങ്ങൾക്കൊപ്പമാണ് മൊബൈൽ ട്രക്കും പ്രവർത്തിക്കുക. ദുബായിൽ നടക്കുന്ന ആർ.ടി.എ.യുടെ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് വേൾഡ് കോൺഗ്രസിൽ മൊബൈൽ ട്രക്ക് മുനിസിപ്പാലിറ്റി പരിചയപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാഹനം രൂപകല്പന ചെയ്തത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോതുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ നൂതന നിരീക്ഷണ സംവിധാനങ്ങളും സെൻസറുകളും വാഹനത്തിലുണ്ട്. വായു മലിനീകരണത്തിന് കാരണമാകുന്ന വസ്തുക്കൾ ട്രക്കിന് കണ്ടെത്താനാകും. വായു ഗുണനിലവാരം തത്സമയം നിരീക്ഷിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ നടപടിയെടുക്കാനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.