കുവൈത്തില്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പറുകള്‍ എന്ന് റിപ്പോർട്ട്. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എ4 സൈസുള്ള ഏകദേശം 20ഓളം ടിഷ്യു പേപ്പര്‍ റോളുകള്‍ കണ്ടെത്തിയതെന്ന് അറബ് ടൈംസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ജയിലിലെ വാര്‍ഡ് 5ല്‍ നടത്തിയ പരിശോധനകളിലാണ് ഇവ പിടികൂടിയത്. വാര്‍ഡിലെ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ലഹരിമരുന്ന് പുരട്ടിയ പേപ്പറിന് പുറമെ മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ചാര്‍ജിങ് കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ എങ്ങനെയാണ് ജയിലിനുള്ളിലെത്തിയതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കും. ലഹരിമരുന്ന് പുരട്ടിയ പേപ്പര്‍ റോളുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി വാര്‍ഡ് 5ലെ നിരവധി തടവുകാരെയും സെന്‍ട്രല്‍ പ്രിസണ്‍ സെക്യൂരിറ്റി വിഭാഗം ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിമരുന്ന് പുരട്ടിയ ഈ പേപ്പറുകള്‍, ലഹരി ഉപയോഗത്തിന്റെ പുതിയ രീതിയാണെന്നും ജയില്‍ സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവമാണിതെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.