വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്. ഇത്തരം ചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണെന്നും തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അൽ കുവാരി വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളെ കുറിച്ച് ഖത്തർ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകട ഫോട്ടോകൾ എടുത്ത് പ്രചരിപ്പിക്കുന്നത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഇത്തരം വ്യക്തിക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 10,000 റിയാലിൽ കൂടാത്ത പിഴയോ ലഭിക്കും. ചിലപ്പോൾ ഈ രണ്ടു ശിക്ഷയും ഒരുമിച്ചനുഭവിക്കേണ്ടി വരും. ഖത്തർ പീനൽ കോഡ് ആർട്ടിക്കിൾ 333 അനുസരിച്ചാണ് ശിക്ഷ.