എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്. ഇതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കോർപ്പറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് സൗജന്യ ബാഗേജ് 30ൽ നിന്ന് 20 കിലോയാക്കി കുറച്ചതെന്നും മറ്റു ബുക്കിങ്ങിനെ ബാധിക്കിലെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ സാധാരണ ബുക്കിങ്ങിലും നിലവിൽ 20 കിലോ മാത്രമാണ് യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ബാഗേജ് കൊണ്ടു പോകാനാവുക. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് സൗജന്യ ബാഗേജ് 30 കിലോയിൽ നിന്ന് 20 കിലോയാക്കി കുറച്ചത് കോർപ്പറേറ്റ് വാല്യു, കോർപ്പറേറ്റ് ഫ്ലെക്സ് എന്നീ കോർപ്പറേറ്റ് ടിക്കറ്റുകൾക്ക് മാത്രമാണെന്നാണ് എയർഇന്ത്യ എക്സപ്രസ് നൽകിയ വിശദീകരണം. വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു ചാനലുകൾ വഴിയുള്ള ബുക്കിങ് എന്നിവയെ ഈ മാറ്റം ബാധിക്കില്ലെന്നാണ് വിശദീകരണം. എന്നാൽ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഓൺലൈൻ ബുക്കിങ്ങിലും 20 കിലോ മാത്രമാണ് സൗജന്യ ബാഗേജ് അനുമതി.