കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വീസയിലേക്ക് മാറാൻ അവസരം. കുവൈത്ത് ആഭ്യന്തര പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മാൻ പവർ അതൊറിറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഗാർഹിക വീസ, തൊഴിൽ വീസയിലേക്ക് മാറ്റുന്നതിലെ നിരോധം നീക്കാൻ ധാരണയായത്. രാജ്യത്തെ തൊഴിൽ വിപണിയുടെ കൂടി വരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് സൂചന. നിലവിൽ ഗാർഹിക തൊഴിലാളികളിൽ 45 ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും. രണ്ട് മാസത്തേക്ക് മാത്രമായിരിക്കും ആനുകൂല്യമെന്നാണ് സൂചന.