അബുദാബിയിലെ അൽ ഐനിൽ നാളെ മുതൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. അബുദാബി മൊബിലിറ്റി പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വിഭാഗം വെഹിക്കിൾ ടോവിങ് നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കുകയോ വാണിജ്യ, പരസ്യം അല്ലെങ്കിൽ പ്രമോഷനൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ പെർമിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെർമിറ്റ് ഉപയോഗിച്ച് പാർക്കിങ് സ്ഥലം കയ്യടക്കുകയോ ചെയ്താൽ വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു പാർക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിനും നഗരത്തിന്റെ പ്രദേശത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മവാഖിഫ് റെഗുലേഷൻ നിയമം നടപ്പിലാക്കുന്നതിനാണ് വാഹന ടോവിങ് സേവനം ലക്ഷ്യമിടുന്നത്. കൃത്യമായും നിയുക്ത സ്ഥലങ്ങളിലും പാർക്ക് ചെയ്യുക, നിരോധിത മേഖലകളിൽ പാർക്കിങ് ഒഴിവാക്കുക, വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കുക, സുഗമമായ ഗതാഗതം നിലനിർത്തുക, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പാലിക്കണെമെന്ന് പൊതുജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.