എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് ലഭിച്ചതായി പരാതി. എയർ ഇന്ത്യ 175 വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് നടത്തിയ യാത്രയ്ക്കിടയിൽ ആയിരുന്നു മാദ്ധ്യമപ്രവർത്തകനായ മധുറെസ് പോളിന് ഭക്ഷണത്തിൽ നിന്നും ബ്ലേഡ് ലഭിച്ചത്. പച്ചക്കറി മുറിക്കുന്ന യന്ത്രത്തിന്റെ ബ്ലേഡ് ആണ് ഭക്ഷണത്തിൽ നിന്നും ലഭിച്ചത്. സംഭവത്തെ കുറിച്ച് യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. യാത്രയ്ക്കിടെ മധുരക്കിഴങ്ങ് റോസ്റ്റും ഫിഗ് ചാട്ടുമായിരുന്നു ഇദ്ദേഹം ഓർഡർ ചെയ്തിരുന്നത്. ഈ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ബ്ലേഡ് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് ശ്രദ്ധയിൽപെട്ടതിനാൽ അപകടം ഒഴിവായെന്നും ഇയാൾ തന്റെ എക്സ് പങ്കുവെച്ചപോസ്റ്റിൽ അറിയിച്ചു. സംഭവത്തിൽ യാത്രക്കാരന് ഉണ്ടായ ദുരനുഭവത്തിന് എയർ ഇന്ത്യാ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും, ഒരുവർഷത്തിനിടെ ഉപയോഗിക്കാനാവുന്ന സൗജന്യ വൺവേ ബിസിനസ് ക്ലാസ് ടിക്കറ്റ് പരാതിക്കാരന് വാഗ്ദാനം ചെയ്യുകയും ചെയ്തു.