കുവൈത്തിലെ മാന്‍ഗഫ് തീപിടിത്ത ദുരന്തത്തില്‍ മരിച്ച പ്രിയപ്പെട്ടവരേ കണ്ണീരോടെ ഏറ്റുവാങ്ങി കേരളം. രാവിലെ വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെത്തിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 12.30ഓടെ അതാത് സ്ഥലങ്ങളിലേക്ക് ആംബുലന്‍സുകളില്‍ കൊണ്ടുപോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു നേതാക്കളും മരിച്ചവരുടെ കുടുംബാംഗങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹങ്ങള്‍ പൊലീസ് അകമ്പടിയോടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. 24 മലയാളികള്‍ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി പുലര്‍ച്ചെ കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം രാവിലെ 10. 28 നാണ് നെടുമ്പാശേരിയില്‍ ഇറങ്ങിയത്. കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11.45 ന് മൃതദേഹം ഒന്നിച്ച് പുറത്തെത്തിച്ചു. പൊതുദര്‍ശനത്തിനായി പ്രത്യേക സ്ഥലം സജ്ജമാക്കിയിരുന്നു.