സൗദി അറേബ്യയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളമായി മാറി അബഹ അന്താരാഷ്ട്ര വിമാനത്താവളം. വ്യാഴാഴ്ച എയർപോർട്ട് അധികൃതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി അബഹ വിമാനത്താവളത്തിൽ ടേക്ക് ഓഫ്, യാത്രക്കാരുടെ ബോർഡിങ്, യാത്രക്കാർക്കുള്ള അവസാന കാൾ തുടങ്ങിയ കാര്യങ്ങളിൽ അറിയിപ്പുകളൊന്നും ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രയോഗിച്ചിട്ടുള്ള മികച്ച ആഗോള സമ്പ്രദായങ്ങൾ പാലിക്കുന്നതിൻറെ അടിസ്ഥാനത്തിലാണ് അബഹ വിമാനത്താവളത്തെ നിശബ്ദമാക്കി മാറ്റാൻ മാനേജ്മെൻറ് തീരുമാനമെടുത്തത്. യാത്രക്കാരുടെ ബോർഡിങ് സമയത്ത് വിമാനത്തിെൻറ വിശദാംശങ്ങൾ ബോർഡിങ് ഗേറ്റുകളിൽ പ്രദർശിപ്പിക്കും. യാത്രക്കാരുടെ ബോർഡിങിനായി ഗേറ്റ് തുറക്കുന്നതിന് മുമ്പായിരിക്കും ഇത്. ഫ്ലൈറ്റ് ഡിസ്പ്ലേ സ്ക്രീനുകളിലൂടെ യാത്രക്കാർക്ക് പ്രസക്തമായ കൃത്യമായ വിവരങ്ങൾ ലഭിക്കും.