കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം പുണ്യഭൂമിയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർത്ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ തീർത്ഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. ജിദ്ദയിൽ നിന്നും ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർത്ഥാടകർക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും നൂറു കണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയും ഓരോ ഹാജിയെയും പുണ്യഭൂമിയിൽ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകൾക്ക് കീഴിൽ നൂറു കണക്കിന് മലയാളി സന്നദ്ധ വളണ്ടിയർമാർ പുലർച്ചെ തന്നെ ആദ്യ സംഘത്തെ സ്വീകരിക്കാൻ താമസ കേന്ദ്രത്തിൽ എത്തിയിരുന്നു.