കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി. തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് അതോറിറ്റി നിരോധനം ഏർപ്പെടുത്തുന്നത്. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെയാണ് നിരോധന സമയം. ഈ നിരോധനം ജൂൺ ആദ്യം മുതൽ ആരംഭിച്ച്, ഓഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കർശനമായി നടപ്പിലാക്കാനാണ് അതോറിറ്റിയുടെ തീരുമാനം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കൂടാതെ നാഷണൽ സെൻറർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ മൂന്ന് മാസവും കർശന പരിശോധന നടത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.