ദുബായിൽ കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവീസുകളിൽ ചിലത് ബുധനാഴ്ച ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. വൈകീട്ടോടെ പച്ച, ചുവപ്പ് ലൈനുകളിലെ ചില പ്രധാന സ്റ്റേഷനുകൾ പൂർവസ്ഥിതിയിലായി. ചുവപ്പ് ലൈനിൽ സെന്റർപോയിന്റ് – ഗിഗിക്കോ, ബുർജുമാൻ – ബിസിനസ് ബേ, ജബൽ അലി – എക്സ്പോ 2020 സ്റ്റേഷനുകളിൽ മെട്രോ പ്രവർത്തിക്കുന്നുണ്ട്. പച്ച ലൈനിലെ ഇത്തിസലാത്ത് – അബു ഹെയിൽ, ക്രീക്ക് – അൽ റാസ് സ്റ്റേഷനുകളിൽക്കിടയിലും മെട്രോ സർവീസ് നടത്തുന്നുണ്ട്. വെള്ളക്കെട്ട് കൂടുതലായി ബാധിച്ച സ്റ്റേഷനുകളിലേക്ക് ബസ് സർവീസുകളും ലഭ്യമാക്കി. ദുബായ് ട്രാമിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. അതേസമയം അസ്ഥിര കാലാവസ്ഥ കാരണം ദുബായിൽനിന്ന് അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. വെള്ളക്കെട്ട് കാരണം വിവിധ എമിറേറ്റുകളിൽ ഒട്ടേറെ റോഡുകൾ അടച്ചിടുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ചില റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.