കുവൈത്തിലേക്ക് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാകാത്ത പ്രവാസികൾക്ക് മടങ്ങി വരാൻ ഇനി തടസമില്ല. ബയോമെട്രിക് വിവരം നൽകാൻ പൗരന്മാർക്കും പ്രവാസികൾക്കും മതിയായ സമയം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധമായ വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. രജിസ്ട്രേഷൻ പൂർത്തീകരിക്കാത്തവർക്കും ജൂൺ ഒന്നിന് ശേഷം കുവൈത്തിലേക്ക് മടങ്ങാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്തരക്കാർക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ‘സഹേൽ’ ആപ്പ് വഴിയും, മെറ്റാ പ്ലാറ്റ്ഫോം വഴിയുമാണ് ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്മെൻ്റുകൾ ബുക്ക് ചെയ്യേണ്ടത്. അതേസമയം, ദിവസങ്ങൾ കാത്തിരിന്നിട്ടും സഹേൽ ആപ്പ് വഴിയോ മെറ്റ വെബ് പ്ലാറ്റ്ഫോം വഴിയോ അപ്പോയിൻ്റ്മെൻ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിലവിൽ സ്വദേശികൾക്കും വിദേശികൾക്കും കര-വ്യോമ അതിർത്തികളിലും സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നും അധികൃതർ കൂട്ടിച്ചേർത്തു.