ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ വരവേറ്റുതുടങ്ങിയത്. 27 പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങളുടെ മഹാമേള എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് ഗ്ലോബൽ വില്ലജ് സന്ദർശകർക്കായി ഒരുക്കിയത്. ഡ്രാഗൺ തടാകത്തിലെ ലേസർ പ്രദർശനങ്ങൾ, ത്രീഡി പ്രദർശനങ്ങൾ, വാരാന്ത്യങ്ങളിലെയും ആഘോഷവേളകളിലെയും കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയയെല്ലാം ഗ്ലോബൽ വില്ലേജിന് പുതുമകൂട്ടിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് 22.50 ദിർഹംമുതൽ ലഭ്യമാണ്. ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവുണ്ട്. ഗ്ലോബൽ വില്ലേജിലെ ഏറ്റവും പുതിയ വാർത്തകൾക്കും വിവരങ്ങൾക്കും https://www.globalvillage.ae സന്ദർശിക്കുക. എമിറേറ്റിലെ മറ്റുരണ്ട് പ്രധാന ആകർഷണങ്ങളായ ദുബായ് സഫാരി പാർക്ക് അടുത്ത മാസം 31-നും ദുബായ് മിറാക്കിൾ ഗാർഡൻ ജൂൺ രണ്ടിനും അടയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.