ബഹ്റൈനിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ ദീർഘകാല ആവശ്യമായിരുന്ന ഫീസ് ഓണ്ലൈനിയായി അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാം. ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം ഉപയോഗിക്കുന്നതിന് സ്കൂൾ വെബ്സൈറ്റിലെ ലിങ്കിൽ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഓൺലൈൻ അടവുകൾക്ക് കൺവീനിയൻസ് ചാർജുകൾ ബാധകമാണ്. ഡെബിറ്റ് കാർഡുകൾക്ക് നൽകേണ്ട തുകയുടെ 0.9%, ക്രെഡിറ്റ് കാർഡുകൾക്ക് 1.1%, AMEX-ന് 1.25% എന്നിങ്ങനെയാണ് നിരക്ക്. കൂടാതെ കൺവീനിയൻസ് ചാർജിൽ 10% VAT ഈടാക്കും. പരമ്പരാഗത സ്കൂൾ ഫീ അടവ് രീതികൾ ഇഷ്ടപ്പെടുന്നവർക്ക്, സ്കൂൾ കുടിശ്ശികകൾ ഇസ ടൗണിലെയും റിഫ കാമ്പസുകളിലെയും ക്യാഷ് കൗണ്ടറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ നടപ്പിലാക്കാവുന്നതുമാണ്. കൂടാതെ NEC/BFC/NAFEX ഔട്ട്ലറ്റുകളിലും അവയുടെ ഓൺലൈൻ സേവനങ്ങൾ വഴിയും അല്ലെങ്കിൽ SADAD സെൽഫ് സർവിസ് കിയോസ്ക് വഴിയും നിലവിൽ ഫീസ് അടയ്ക്കാം.