സൗദി അറേബ്യയിൽ നിന്നും പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ അഞ്ചു വർഷത്തിനിടയിൽ ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് ഏറ്റവും കുറവെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സൗദിയിലെ പ്രവാസികളുടെ പണമയക്കൽ ഫെബ്രുവരി അവസാനത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി റിയാലായി. വിദേശ പണമയക്കൽ പ്രതിമാസം 1.08 ശതകോടി മാസാടിസ്ഥാനത്തിൽ കുറഞ്ഞതയാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ നിലയെ അടയാളപ്പെടുത്തുന്നു. ശരാശരി പ്രതിമാസ പണമയക്കൽ നില ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. രണ്ട് മാസത്തെ ശരാശരി പണമടയക്കൽ ഏകദേശം 9.87 ശതകോടി റിയാലിലെത്തി. 2019 ൽ പ്രവാസികളുടെ പ്രതിമാസ പണമയക്കലിെൻറ ശരാശരി മൂല്യം ഏകദേശം 10.46 ശതകോടി റിയാലായിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് വർഷങ്ങളിലും ഇത് സ്ഥിരമായ വർദ്ധനവ് നിലനിർത്തിയിരുന്നു.