വിദേശ തൊഴിലാളികളുടെ സൗദി അറേബ്യയിലുള്ള ആശ്രിത വിസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാൻ. സോക്രട്ടീസ് പോഡ്കാസ്റ്റ് ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് ഉയർന്ന യോഗ്യതയുള്ള ആളുകളെ സകുടുംബം കൊണ്ടുവന്ന് രാജ്യത്തിനുള്ളിൽ സ്ഥിരതാമസമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ പുനരാലോചന. 2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ മന്ത്രി ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ് തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചെല്ലാം വ്യക്തമാക്കുകയും ചെയ്യിതു. ഒരു പ്രത്യേക ഘട്ടത്തിലാണ് രാജ്യത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുൾപ്പടെ ആശ്രിത വിസയിലെത്തുന്നവർക്ക് പ്രതിമാസം നിശ്ചിത തുക ലെവിയായി നിശ്ചയിച്ചത്. 2017 മുതലാണ് ഇത് ഈടാക്കി തുടങ്ങിയത്. ഏഴ് വർഷങ്ങൾക്കിപ്പുറം വീണ്ടും ലെവി പുനഃപരിശോധിക്കുന്നതെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാൻ വ്യക്തമാക്കി.