സൗദിയിൽ ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകൾ റദ്ദാക്കുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ജോലിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തുമെന്ന് സൗദി ഗതാഗത അതോറിറ്റി അറിയിച്ചു. പരിഷ്കരിച്ച ഓൺലൈൻ ടാക്സി നിയമങ്ങളിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ടാക്സി ജീവനക്കാരും യാത്രക്കാരും നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടാണ് ടാക്സി നിയമങ്ങൾ പരിഷ്കരിച്ചതെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. ഓൺലൈൻ ടാക്സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും സേവന നിലവാരം ഉയർത്താനും ലക്ഷ്യം വെച്ചാണ് ഓൺലൈൻ ടാക്സി നിയമങ്ങൾ പരിഷ്കരിച്ചത്. പുതിയ ചട്ടപ്രകാരം ഓണ്‍ലൈൻ ടാക്സി ആപ്പ് വഴി സ്വീകരിക്കുന്ന ട്രിപ്പുകൾ ഒരു മാസത്തിനിടെ 5 ൽ കൂടുതൽ തവണ റദ്ദാക്കുന്ന ഡ്രൈവർമാർക്ക് ജോലിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തും. അതേ സമയം ട്രിപ്പിനുള്ള യാത്രക്കാരൻ്റെ അഭ്യർത്ഥന സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും മുമ്പായി ഡ്രൈവർമാർക്ക് ലക്ഷ്യസ്ഥാനം അറിയാൻ സാധിക്കും വിധമാണ് ചട്ടങ്ങൾ പരിഷ്കരിച്ചത്. യാത്രക്കാരിൽ നിന്നും നഷ്ടപ്പെടുന്ന ലഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാർക്ക് തന്നെ തിരികെ നൽകുന്നതിനായി ടാക്സി കമ്പനികൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്. ഓൺലൈൻ ടാക്സി മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ച ശേഷവും പ്രൈവറ്റ് നമ്പർ പ്ലേറ്റുള്ള കാറുകൾ പബ്ലിക് ടാക്സിയായി ഉപയോഗിക്കുന്ന പ്രവണതയും പുതിയ ചട്ടങ്ങളിലൂടെ അവസാനിപ്പിക്കുമെന്ന് സൗദി ഗതാഗത അതോറിറ്റി വ്യക്തമാക്കി.