ഒമാനിൽ നിന്ന് സൗദി അറേബ്യലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. മസ്കത്തില് നിന്ന് റിയാദിലേക്ക് അല്‍ ഖഞ്ചരി ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി 22 മുതൽ പ്രതിദിന സര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ പാസ്പോര്‍ട്ട് കോപ്പി, ഒമാന്‍ ഐഡി കാര്‍ഡ് വിദേശികളുടെ റസിന്റ് കാര്‍ഡ്, സൗദി വീസ എന്നിവ ഹാജരാക്കിയാല്‍ ടിക്കറ്റ് ബുക്ക് ചെയ്യിയാവുന്നതാണ്. അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെ 18 മുതൽ 20 മണിക്കൂർ വരെയാണ് യാത്രാസമയം. മസ്കത്ത് – നിസ്വ – ഇബ്രി – റുബുഉല്‍ ഖാലി – ദമാം – റിയാദ് എന്നിങ്ങനെയാണ് യാത്രാ റൂട്ട്. മസ്കത്തില് നിന്ന് പുലര്‍ച്ചെ ആറ് മണിക്കും റിയാദിലെ അസീസിയയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും ബസ് പുറപ്പെടും. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാല്‍ (350 സൗദി റിയാല്‍) ആണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, ബസ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് (250 സൗദി റിയാല്‍) ടിക്കറ്റ് ലഭ്യമാക്കിയതായി അല്‍ ഖന്‍ജരി ട്രാന്‍സ്പോര്‍ട്ട് കമ്പനി വ്യക്തമാക്കി. സൗദി അധികൃതരുടെ നിര്‍ദേശപ്രകാരം ഒരു ട്രിപ്പില്‍ ചുരുങ്ങിയത് 25 യാത്രക്കാര്‍ എങ്കിലും ഉണ്ടാകണമെന്നാണ് അല്‍ ഖന്‍ജരി വ്യക്തമാക്കിയിട്ടുള്ളത്.