സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 വ്യാഴാഴ്ച പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ഒരുപോലെ ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ലഭിക്കുന്ന ജീവനക്കാർക്ക് ആകെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഫെബ്രുവരി 25 ആയിരിക്കും അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. സൗദിയുടെ സ്ഥാപക ദിനം പ്രമാണിച്ച് സംസ്കാരം, ചരിത്രം, സൈനിക ശക്തി തുടങ്ങിയവയെല്ലാം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കും. കായിക, സംഗീത പരിപാടികളും ഇതോടൊപ്പം ആഘോഷങ്ങള്‍ക്ക് മിഴിവേകും.