അബുദാബിയിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം. ശൈഖ് ഖലീഫ ബിൻ സായിദ് ഇൻറർനാഷണൽ സ്ട്രീറ്റിൽ വലിയ വാഹനങ്ങൾക്ക് ഓവർടേക്കിങിന് അനുമതി ലഭിച്ചു. 2024 ജനുവരി 29 തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വലതുവശത്തെ രണ്ടാമത്തെ ലൈനിലാണ് വലിയ വാഹനങ്ങൾക്ക് ഓവർടേക്കിങ് അനുമതി നൽകിയിരിക്കുന്നത്. ബെനോന ബ്രിഡ്ജിൽനിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയിലാണ് നിയമത്തിൽ ഇളവ്. ഹെവി വെഹിക്കിൾ ഡ്രൈവർമാർ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഓവർടേക്കിങ് നടത്താത്തപ്പോൾ റോഡിൻറെ വലത്തേ ലൈനിലൂടെ മാത്രമേ വലിയ വാഹനങ്ങൾ സഞ്ചരിക്കാവൂ. ഓവർടേക്കിങ് നടത്തുമ്പോൾ റിയർവ്യൂ മിററിൽ നോക്കി ബ്ലൈൻഡ് സ്പോട്ട് ഇല്ലെന്ന് ഉറപ്പാക്കി വേണം ഓവർടേക്കിങ് നടത്താൻ. സിഗ്നൽ നൽകി ഓവർടേക്കിങ് നടത്തിയ ശേഷം പഴയ ലൈനിലേക്ക് തിരിച്ചുകയറി യാത്ര തുടരണം. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.