യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി പിടികൂടി. എസ് യു വി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ രണ്ടടി നീളമുള്ള ചെറിയ പെട്ടികളിലാണ് ഇവര്‍ ഒളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തി വഴിയാണ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയത്. കാറുകളുടെ പിന്‍ഭാഗത്ത് പെട്ടെന്ന് നോക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചത്. എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്കാന്‍ ചെയ്തപ്പോള്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ഗുരുതര കുറ്റകൃത്യം പുറത്തായത്. രഹസ്യ അറകള്‍ പൊളിച്ച് പ്രതികളെ പിടികൂടുന്ന വീഡിയോ അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. പ്രതികളുടെ കൈവശം രേഖകളോ ഐഡന്‍റിറ്റി കാര്‍ഡുകളോ ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം കാറുകളുടെ ഡ്രൈവര്‍മാരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.









