ഫാമിലി വിസയിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനുള്ള ഇ സേവനത്തിന് തുടക്കമിട്ട് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഇതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് നിന്ന് റിക്രൂട്ട്‌മെന്റ് നടത്താതെ ഖത്തറില്‍ താമസിക്കുന്നവരെ തന്നെ ജോലിയില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് ഈ സേവനം. താമസക്കാരുടെ ആശ്രിതരായി കുടുംബ വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് തൊഴില്‍ ലഭ്യമാണെങ്കില്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി തൊഴില്‍ വിസയിലേക്ക് മാറാനാകും. ഇതിന് വേണ്ട നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇ-സേവനം പ്രഖ്യാപിച്ചത്. തൊഴിലുടമയുടെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലാളിയുടെ ക്യു ഐഡിയുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.